ഒരു യാത്ര പോകണം
Photo Courtesy: KSRTC ഒരു യാത്രയ്ക്ക് വേണ്ടി മനസ് കൊതിക്കുന്നു. എങ്ങോട്ടെന്നില്ല. ബസ് സ്റ്റോപ്പിലെത്തി ആദ്യം വരുന്ന ബസില്‍ കയറി ടൗണിലിറങ്ങണം. ആയിരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് നടന്ന് നീങ്ങണം. പൊടിയിലും വെയിലിലും ക്ഷീണിതനാകണം. തണുത്ത വെള്ളമൊഴിച്ച നാരങ്ങ സര്‍ബത്ത് കുടിച്ച് ക്ഷീണമകറ്റണം. ആദ്യം പുറപ്പെടുന്ന ബസില്‍ ഓടിക്കയറണം. അവസാന സ്റ്റോപ്പേതാണെന്ന് കണ്ടക്ടറോട് ചോദിച്ച് അവിടേയ്ക്ക് ടിക്കറ്റ് എടുക്കണം. തിരക്കുള്ള ബസില്‍ ഇരിക്കാന്‍ സീറ്റില്ലാതെ നില്‍ക്കണം. ഒടുവില്‍ സീറ്റ് ലഭിക്കുമ്പോള്‍ കൈക്കുഞ്ഞുമായി കയറുന്ന അമ്മയ്ക്ക് സീറ്റ് ഒഴിച്ച് കൊടുക്കണം. അവരുടെ മുഖത്ത് വിരിയുന്ന നന്ദിയോടെയുള്ള പുഞ്ചിരിയില്‍ മനസ് തണുക്കണം. പുറത്തെ തീച്ചൂടിനെ തണുപ്പിക്കുന്ന പുഞ്ചിരിയുടെ ഓര്‍മയില്‍ പച്ചപ്പ് പുതച്ച തനിനാടന്‍ ഗ്രാമത്തിലെ അങ്ങാടിയില്‍ ബസ് ഇറങ്ങണം. ഉപ്പുപെട്ടി ചര്‍ച്ചകള്‍ സജീവമായ ഒരങ്ങാടി. വൈകുന്നേരമാകുമ്പോള്‍ പണി കഴിഞ്ഞ് കുളിച്ച് കൈലിമുണ്ടുടുത്ത്, തേച്ച് കഴുകിയ വള്ളിച്ചെരിപ്പുമിട്ട് അങ്ങാടിയിലേക്കെത്തുന്നവര്‍. രാഷ്ട്രീയവും ജീവിതവും അഗോള പ്രശ്നങ്ങളും ചര്‍ച്ചയാകുന്ന ആ നാടന്‍ ചായക്കടയില്‍ നിന്നും വീശിയ