ഏകാന്തത

 


ഏകാന്തതയുടെ കനം എപ്പോഴെങ്കിലും അളന്നെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ..? അതിന്റെ നീളമോ? തീവ്രത അറിയാൻ ഏതു മാപിനിയാണ് ഉള്ളതെന്നറിയുമോ? ഒരു നിമിഷം കൊണ്ട്, ഏകാന്തതയെക്കമുറിച്ച് ഇത്രയേറെ ചോദ്യങ്ങൾ ചോദിക്കാൻ ഞാൻ എവിടെയാണെന്ന് അറിയാമോ...?

പുറത്തേക്കു തുറക്കുന്ന ജാലകങ്ങൾ ഇല്ലാത്ത മുറി. ദിവസങ്ങൾ കഴിയുമ്പോൾ മെല്ലെ ഏകാന്തത ചിന്തകൾക്ക് മേൽ ഒരു വല നെയ്യും. പുറം കാഴ്ചകളെ കവർന്നെടുക്കുന്ന ചുവരുകൾ എന്നെ എന്നിലേക്ക്‌ ചുരുക്കും. ഞാൻ ഞാൻ മാത്രമാകും. കാഴ്ചകളേയും ശരീരത്തേയും മാത്രമല്ല ചിന്തകളെയും പുറത്തേക്കു കൊണ്ടുപോകാൻ കഴിയാതെ വരും. അതേ ഞാൻ ഞാൻ മാത്രമാകും.
ഇന്നിൽ നിന്നും എനിക്ക് തുറക്കാൻ കഴിയുന്ന ഒരേഒരു വാതിൽ ഇന്നലെയിലേക്കു മാത്രമാകും. ഒരിക്കലും തുറക്കരുതെന്നു കരുതി ചിത്രത്താഴിട്ടു പൂട്ടി ആഴിയിലേക്കു വലിച്ചെറിഞ്ഞ പേടകം തിരകളുടെ ഓളങ്ങളിൽ ഒഴുകി തീരത്ത് വന്നു കിടക്കും. എന്റെ കാഴ്ച്ചവെട്ടത്തിൽ അതങ്ങനെ ഒഴുകി നിൽക്കും. നാളെയെക്കുറിച്ചു മറന്നുപോയ എന്റെ ചിന്തകൾ ഇന്നിൽ നിന്നും ഇന്നലയിലേക്കു തുറന്ന കിളിവാതിലിലൂടെ പുറത്തേക്കു കടക്കും. അതൊടുവിൽ തീരത്തടിഞ്ഞ ആ പേടകത്തിന്‌ മുന്നിലെത്തും.
ആ പേടകം തുറന്നു ഞാൻ ഇന്നലെകളിലേക്ക് ചേക്കേറും. നാളെയും ഇന്നും വിട്ടു ഞാൻ ഇന്നലെകളിലെ ഓർമകളിൽ അഭിരമിക്കും. ഞാൻ ഞാൻ മാത്രമാകും. ഏകാന്തതയ്ക്കു ചിറക് മുളക്കും, ഞാൻ ഇന്നലെകളിൽ പറന്നു നടക്കും. ആ പേടകം ആരോ താഴിട്ടു പൂട്ടി. വലിച്ചെറിഞ്ഞതാകാം, ആഴിയിലെ ആഴങ്ങളിലേക്കു പതിക്കുകയാണ്. ആഴിയുടെ അടിത്തട്ടിലേക്ക്.
ഇന്നാലകളിൽ മാത്രമായി ഞാൻ ഒതുങ്ങുകയാണ്‌. പുറം കാഴ്ചകളും ലോകവും ഇനി എനിക്ക് അന്യമാണ്. ഞാൻ ഞാൻ മാത്രമാകുകയാണ്. ഇന്നലെകളിൽ അഭിരമിച്ച് ആഴിയുടെ അടിത്തട്ടിൽ ഒരു സുഖ സമാധി.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജീവിതം

യാത്രികന്റെ സഞ്ചി

ഒരു യാത്ര പോകണം