ഒരു യാത്ര പോകണം
![]() |
Photo Courtesy: KSRTC |
ഒരു യാത്രയ്ക്ക് വേണ്ടി മനസ് കൊതിക്കുന്നു. എങ്ങോട്ടെന്നില്ല. ബസ് സ്റ്റോപ്പിലെത്തി ആദ്യം വരുന്ന ബസില്‍ കയറി ടൗണിലിറങ്ങണം. ആയിരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട് നടന്ന് നീങ്ങണം. പൊടിയിലും വെയിലിലും ക്ഷീണിതനാകണം. തണുത്ത വെള്ളമൊഴിച്ച നാരങ്ങ സര്‍ബത്ത് കുടിച്ച് ക്ഷീണമകറ്റണം. ആദ്യം പുറപ്പെടുന്ന ബസില്‍ ഓടിക്കയറണം. അവസാന സ്റ്റോപ്പേതാണെന്ന് കണ്ടക്ടറോട് ചോദിച്ച് അവിടേയ്ക്ക് ടിക്കറ്റ് എടുക്കണം. തിരക്കുള്ള ബസില്‍ ഇരിക്കാന്‍ സീറ്റില്ലാതെ നില്‍ക്കണം. ഒടുവില്‍ സീറ്റ് ലഭിക്കുമ്പോള്‍ കൈക്കുഞ്ഞുമായി കയറുന്ന അമ്മയ്ക്ക് സീറ്റ് ഒഴിച്ച് കൊടുക്കണം. അവരുടെ മുഖത്ത് വിരിയുന്ന നന്ദിയോടെയുള്ള പുഞ്ചിരിയില്‍ മനസ് തണുക്കണം. പുറത്തെ തീച്ചൂടിനെ തണുപ്പിക്കുന്ന പുഞ്ചിരിയുടെ ഓര്‍മയില്‍ പച്ചപ്പ് പുതച്ച തനിനാടന്‍ ഗ്രാമത്തിലെ അങ്ങാടിയില്‍ ബസ് ഇറങ്ങണം. ഉപ്പുപെട്ടി ചര്‍ച്ചകള്‍ സജീവമായ ഒരങ്ങാടി. വൈകുന്നേരമാകുമ്പോള്‍ പണി കഴിഞ്ഞ് കുളിച്ച് കൈലിമുണ്ടുടുത്ത്, തേച്ച് കഴുകിയ വള്ളിച്ചെരിപ്പുമിട്ട് അങ്ങാടിയിലേക്കെത്തുന്നവര്‍. രാഷ്ട്രീയവും ജീവിതവും അഗോള പ്രശ്നങ്ങളും ചര്‍ച്ചയാകുന്ന ആ നാടന്‍ ചായക്കടയില്‍ നിന്നും വീശിയടിച്ച ചായയും വെളിച്ചെണ്ണയില്‍ പൊരിച്ചെടുത്ത ചെറുകടിയും കഴിക്കണം. അവരുടെ ചര്‍ച്ചകളില്‍ പങ്കാളായികണം. ആ നാടിന്റെ രുചിയും മണവും സ്നേഹവും കരുതലും അറിയണം. ഇരുട്ട് പാളി വീണുതുടങ്ങുമ്പോള്‍ കടലാസില്‍ പൊതിഞ്ഞെടുത്ത ചെറുകടികളുമായി കുടുംബ നാഥന്മാര്‍ അങ്ങാടിയോട് യാത്ര പറയുമ്പോള്‍ അവസാന ബസ് എത്താറായി എന്ന ചായക്കടക്കാരന്‍ ചേട്ടന്റെ സ്നേഹപൂര്‍വമായ ഓര്‍മ്മപ്പെടുത്തല്‍ കേട്ട് ഇരുള്‍ പാറി വീണ ആ അങ്ങാടിയിലെ റോഡിലേക്ക് ഇറങ്ങി നില്‍ക്കണം. ടൗണിലേക്കുള്ള അവസാന ബസ് ഹോണ്‍ അടിച്ച് എത്തുമ്പോള്‍ അതില്‍ കയറി ആ ഗ്രാമത്തോട് യാത്ര പറയണം. തണുത്ത കാറ്റടിച്ച് ജനാലക്കരുകില്‍ ഇരുന്ന പകലിനേക്കുറിച്ച് ചിന്തിക്കണം. യാത്രയുടെ ഓര്‍മകള്‍ അയവിറക്കിയൊരു തിരികെ യാത്ര.
സുന്ദരമായ ആ യാത്രക്കിടയിലും വീഴുന്ന സ്നേഹത്തിന്റെ മുത്തു മണികൾ ആണ് എനിക്ക് വളരേ ഇഷ്ടപ്പെട്ടതു. ബസ്സിലെ അമ്മയും കുഞ്ഞും, പിന്നെ ചായക്കടക്കാരൻ ചേട്ടന്റെ കരുതൽ. ഒരു കുളിർ കാറ്റ് പോലെയുള്ള വിവരണം..
മറുപടിഇല്ലാതാക്കൂ